25 December 2024

കണ്ണൂര്‍: വിവാദ പോസ്റ്റുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി സിപിഎം അനുകൂല ഫേസ്ബുക്ക് പേജ് ‘റെഡ് ആര്‍മി’. പി ജയരാജനുമായോ അദ്ദേഹത്തിന്റെ മകന്‍ ജെയിന്‍ രാജുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ റെഡ് ആര്‍മി അറിയിച്ചു. ജെയിന്‍ രാജ് റെഡ് ആര്‍മിയുടെ അഡ്മിന്‍ അല്ലെന്നും കുറിപ്പില്‍ പറയുന്നു. റെഡ് ആര്‍മിക്കെതിരെ വിമര്‍ശനവുമായി ജെയിന്‍രാജ് രംഗത്തെത്തിയതിന് പിന്നാലെയാണ് റെഡ് ആര്‍മിയുടെ വിശദീകരണ പോസ്റ്റ്.

‘റെഡ് ആര്‍മിക്ക് പി ജെയുമായും ജെയിന്‍ രാജുമായും ഒരു ബന്ധവും ഇല്ല. ഒരു ഇടത് സൈബര്‍ പോരാളി മാത്രം. ഈ പേജിന്റെ അഡ്മിന്‍ ജെയിന്‍ രാജ് അല്ല എന്ന് മുന്‍പും റെഡ് ആര്‍മി പറഞ്ഞതാണ്. ജയരാജേട്ടന്‍ തന്നെ ഒരുപാട് തവണ പറഞ്ഞത് ആണ് ഈ പേജുമായി പി ജെക്ക് ഒരു ബന്ധവും ഇല്ല എന്ന്. പിന്നെ റെഡ് ആര്‍മിയെ ജയരാജേട്ടനുമായും ജെയിന്‍ രാജുമായും കൂട്ടികെട്ടാന്‍ ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. കള്ള നയങ്ങളെ തിരിച്ചറിയുക. പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടി മാത്രം.’ -റെഡ് ആര്‍മി കുറിച്ചു.

പി വി അന്‍വറിന്റേത് വിപ്ലവ മാതൃകയണെന്നും പി ശശി വര്‍ഗവഞ്ചകനാണെന്നും റെഡ് ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ‘പി ശശിക്കെതിരേ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഏറ്റവും ആര്‍ജ്ജവമുള്ള തീരുമാനം കൈക്കൊള്ളണം എന്നാണ്. ഇത്രയും കാലം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന്, പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങിത്തിരിച്ച എഡിജിപി അടക്കമുള്ളവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് നല്‍കിയത് പി ശശിയാണ്. സ്വര്‍ണക്കടത്തും കൊലപാതകവുമടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തുകൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയത് പി ശശിയാണ്.’ -റെഡ് ആര്‍മി ആരോപിച്ചിരുന്നു.

പിന്നാലെ പേജിനെതിരെ വിമര്‍ശനവുമായി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് രംഗത്തെത്തി. ചിലരുടെ ധാരണ താനാണ് റെഡ് ആര്‍മിയുടെ അഡ്മിനെന്നാണ്. അതില്‍ വരുന്ന ഒരു പോസ്റ്റ് പോലും താന്‍ ഷെയര്‍ ചെയ്തിട്ടില്ല. റെഡ് ആര്‍മിയുടെ അഡ്മിന്‍ മറനീക്കി പുറത്തുവരണമെന്നും അല്ലെങ്കില്‍ ഈ പരിപാടി നിര്‍ത്തണമെന്നും ജെയിന്‍രാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് റെഡ് ആര്‍മിയുടെ വിശദീകരണം.

നേരത്തേ പി ജയരാജനെ പിന്തുണച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന ‘പി ജെ ആര്‍മി’ എന്ന ഫേസ്ബുക്ക് പേജാണ് പിന്നീട് പേര് മാറി ‘റെഡ് ആര്‍മി’യായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!