ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. തിങ്കളാഴ്ച നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന് ആണ് ഇക്കാര്യം അറിയിച്ചത്. ഹെല്‍ത്ത് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിലും നവംബറില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നും, ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവില്‍ 18% ആണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി.എസ്.ടി. 2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ 23 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ നിര്‍മ്മല സീതാരാമന് കാന്‍സര്‍ മരുന്നുകളായ ട്രസ്തുസുമാബ് ഡെറക്സ്റ്റേക്കന്‍, ഒസിമെര്‍ട്ടിനിബ്, ദുര്‍വാലുമാബ് എന്നിവയെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചില ലഘു ഭക്ഷണങ്ങളുടെയും ജിഎസ്ടിയില്‍ കുറവ് വരുത്തിയതായി അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി എസ് ടി ഒഴിവാക്കി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജിഎസ്ടി 5% ആയിരിക്കും. ഓണ്‍ലൈന്‍ ഗെയിമിങ് വഴിയുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ദ്ധിച്ച് 6909 കോടി ആയതായും ധനമന്ത്രി അറിയിച്ചു.