27 December 2024

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പ്രചരിക്കുന്നു കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിവിധ കാര്യങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിച്ച് തന്നെ പറയുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജില്‍ പറയുന്നത് എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല ഇതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണിത്. ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!