26 December 2024

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജനും ടി വി രാജേഷിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിചാരണ കോടതി. പൊലീസിനും സിബിഐക്കും ലഭിച്ച സാക്ഷി മൊഴികളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. പി ജയരാജനും ടിവി രാജേഷും ഉള്‍പ്പെടെ ആറ് പ്രതികള്‍ ഗൂഢാലോചന നടത്തി.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ആം നമ്പര്‍ മുറിയില്‍ വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, വധശ്രമക്കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ വിധി. ഇന്ന് പുറത്തുവന്ന വിധിന്യായത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരാമര്‍ശങ്ങള്‍.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും പുറമേ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. 2012 സെപ്റ്റംബര്‍ 20നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജന്‍.

ഇക്കാലയളവില്‍ പട്ടുവം അരിയില്‍ പ്രദേശത്ത് സിപിഐഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ എംഎസ്എഫ് നേതാവായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!