ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്ത സാഹചര്യത്തില്‍ ലോറി ഉടമ മനാഫിനെക്കുറിച്ച് നടന്‍ ജോയ് മാത്യു കുറിച്ച വാക്കുകളാണ് സോഷ്യലിടത്തില്‍ ശ്രദ്ധയാകുന്നത്. ‘സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അര്‍ജുനേയും ലോറിയേയും കണ്ടെത്തിയപ്പോള്‍ തൊട്ട് ചര്‍ച്ചയാവുകയാണ് മനാഫ് എന്ന ലോറി ഉടമയും.
അര്‍ജുനും ലോറിയും ആ പുഴയില്‍ തന്നെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ നില കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിനെ പിന്തുണച്ച മനാഫിന് പല തരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയില്‍ നിന്നും കണ്ടെടുത്തപ്പോള്‍ ഇതേ സമൂഹം തന്നെ മനാഫിനേയും ചേര്‍ത്തു പിടിക്കുകയാണ്.
ലോറി പുഴയില്‍ നിന്നും കിട്ടിയപ്പോള്‍ തന്റെ ഉറപ്പ് സത്യമായെന്നായിരുന്നു ലോറി ഉടമ മനാഫ് പ്രതികരിച്ചത്. അവനെ ഗംഗാവലിപ്പുഴയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആയി എന്നും മനാഫ് പറഞ്ഞു.
അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാന്‍ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു.
അതേസമയം ‘സഹജീവി സ്‌നേഹത്തിന്റെയും ..സഹോദര സുഹൃത് ബന്ധത്തിന്റെയും ഉത്തമ മാതൃക മനാഫ് …പ്രിയപ്പെട്ട മനാഫ് താങ്കള്‍ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു …’ എന്നാണ് മറ്റൊരാള്‍ നടന്‍ ജോയിയുടെ പോസ്റ്റില്‍ കമ്മന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് മനാഫിനെ പിന്തുണച്ചു കൊണ്ട് എത്തുന്നത്.