24 December 2024

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ജൂലൈ 16 ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോള്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന് വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേത്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ പ്രതിസന്ധികള്‍ നിരവധി. ഇടയ്ക്ക് അനിശ്ചിതത്വം. ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍.

കുടുംബത്തെ ചേര്‍ത്ത് പിടിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളതെന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായെന്നും കേരള – കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, എല്ലാവരുടെയും സ്നേഹത്തിന് നന്ദിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ജൂലൈ 16 ന് അതിരാവിലെയാണ് അര്‍ജുനും ലോറിയും ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് പോയത്. 71 ദിവസത്തിന് ശേഷം പുഴയുടെ 12 മീറ്റര്‍ താഴ്ച്ചയില്‍ നിന്ന് അര്‍ജുന്റെ ലേറിയുടെ ക്യാബിന്‍ ഉയര്‍ത്തി. അതില്‍ ഒരു മൃതദേഹവും. മൃതദേഹം അര്‍ജുന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേത്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ പ്രതിസന്ധികള്‍ നിരവധി. ഇടയ്ക്ക് അനിശ്ചിതത്വം. ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍. ഒടുവില്‍ 71 ദിവസത്തിനിപ്പുറം ആ ദൗത്യം അവസാനിക്കുന്നു. അര്‍ജുന്‍ എവിടെയെന്ന് കുടുംബം നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി അവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടു. എന്തു സംഭവിച്ചാലും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. അര്‍ജുന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണ്. അവരെ നമുക്ക് ചേര്‍ത്ത് പിടിക്കണം. ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായി. കേരള – കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍… എല്ലാവരുടെയും സ്നേഹത്തിന് നന്ദി….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!