രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ – ഡീസല്‍ വില രണ്ട് മുതല്‍ മൂന്ന് വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും അതിനുള്ള സാധ്യതയുണ്ടെന്നും റേറ്റിങ് ഏജന്‍സി ഐസിആര്‍എ. കഴിഞ്ഞ ആഴ്ചകളില്‍ എണ്ണക്കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ മെച്ചപ്പെട്ടുവെന്നും ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്നത് അതിന് നേട്ടമായെന്നും ഇക്ര വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കി ഇക്ര നടത്തിയ വിലയിരുത്തല്‍ പ്രകാരം എണ്ണക്കമ്പനികള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 15 രൂപയും ഡീസലില്‍ നിന്ന് 12 രൂപയും അറ്റാദായം ലഭിക്കുന്നുണ്ട്.
ഈ മാസം ക്രൂഡ് ഓയില്‍ ബാരലിന് 74 ഡോളര്‍ നിരക്കിലാണ് ഇറക്കുമതി ചെയ്തത്. മാര്‍ച്ചില്‍ ഇത് 83-84 ഡോളറായിരുന്നു. അന്നാണ് അവസാനമായി പെട്രോള്‍ – ഡീസല്‍ വില കുറച്ചത്. ലിറ്ററിന് 2 രൂപയായിരുന്നു അന്നത്തെ കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം നടത്തിയത്.
ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ മാസങ്ങളില്‍ താഴേക്ക് പോയിരുന്നു. ഇതാണ് ഇപ്പോള്‍ പെട്രോള്‍ – ഡീസല്‍ വില കുറയുമെന്ന പ്രതീക്ഷക്ക് കാരണം. 2021 ന് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവരൊന്നും വില വര്‍ധിപ്പിച്ചിരുന്നില്ല.