നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും എന്നാണ് ഭീഷണി. ‘ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാര്‍ പുഴയില്‍ കൊണ്ടുപോയി ഇടും’ എന്നാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. അന്‍വറിന്റെ കോലവും കത്തിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ സംസാരിച്ചു. അന്‍വര്‍ സെന്‍സ് പോയ് വല്ലതും വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി പൊളിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിന് ഇടക്കിടയ്ക്ക് സെന്‍സ് പോകാന്‍ പാടുണ്ടോ എന്നും ചോദിച്ചു. കൂടെ നില്‍ക്കുന്നവരെ നെഞ്ചില്‍ ചേര്‍ത്ത് വെക്കുമെന്നും ആ നെഞ്ചില്‍ ചവിട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിയുടെ രക്തത്തില്‍ കുതിര്‍ന്ന ചെങ്കൊടി തൊട്ടു കളിച്ചാല്‍ പൊറുക്കില്ല. പാര്‍ട്ടിക്ക് എതിരായ ആക്രമണം വന്നാല്‍ പ്രതിരോധികേണ്ടി വരും. കുഞ്ഞാലിയുടെ മാതൃക പിന്തുടരാന്‍ തയ്യാറുള്ള ആയിരങ്ങള്‍ നിലമ്പൂരില്‍ ഉണ്ട്. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാല്‍ വെട്ടുക തന്നെ ചെയ്യും – അദ്ദേഹം പറഞ്ഞു. അന്‍വര്‍ രാജി വെക്കുന്നില്ലെങ്കില്‍ വെക്കേണ്ടെന്നും ഇഷ്ടം പോലെ നടന്നോളൂവെന്നും പറഞ്ഞ അദ്ദേഹം സിപിഐഎം നേതാക്കളെ അധിക്ഷേപിക്കാന്‍ വരേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭീഷണി മുദ്രാവാക്യത്തില്‍ പി വി അന്‍വര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്നും എതിര്‍ത്തു മുദ്രാവാക്യം വിളിച്ചവര്‍ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.