കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം. ഭാര വാഹനങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. ചുരത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 7 മുതൽ 11 വരെയാണ് ഭാര വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.
ദേശീയ പാത 755ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാഗമായി ചുരത്തിലെ 2, 4 വളവുകളിൽ താഴ്ന്നു പോയ ഇന്റർ ലോക്ക് കട്ടകൾ ഉയർത്തുന്ന പ്രവൃത്തികൾ നടക്കും. 6, 7, 8 വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളിൽ നടക്കും.
7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പകൽ സമയത്തായിരിക്കും നിയന്ത്രണമെന്നു ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വ്യക്തമാക്കി. ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ നടത്താൻ താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.