എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിലേക്ക് തന്നെ തിരിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി(ട്രിച്ചി) വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. രണ്ടേകാല്‍ മണിക്കൂറാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്.
വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തില്‍നിന്നാണു വിമാനം യാത്രതിരിച്ചത്. 8.15 ഓടെ വിമാനം നിലത്തിറക്കി. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അധികവും തമിഴ്‌നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ 20ലധികം ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.