25 December 2024

മലപ്പുറം: ശബരിമല ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ബിജെപിക്ക് മുതലെടുപ്പിനുള്ള അവസരം ഒരുക്കുന്നുവെന്ന വിമര്‍ശനവുമായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വര്‍ഗീയ ചീട്ട് ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുള്ള അവസരമാണ് ഒരുക്കുന്നതെന്നും സിറാജിന്റെ മുഖപത്രത്തിലെ വിമര്‍ശനം 100% ശരിയാണെന്നും ഇ ടി പറഞ്ഞു. പൊലീസില്‍ ആര്‍എസ്എസ് വല്‍ക്കരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിയില്‍ ഇത്തവണ സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് ഇ ടി മുഹമ്മ?ദ് ബഷീറിന്റെ പ്രതികരണം.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപിയെന്നും കെ സുരരേന്ദ്രന്‍ പറഞ്ഞു. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജും രം?ഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിച്ചു. കേരളാ പൊലീസില്‍ ആര്‍എസ്എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല. ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് വിമര്‍ശിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജിന്റെ വിമര്‍ശനം.

കേരള പൊലീസിന്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം പ്രകടമാണ്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. നിയമനടപടി സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും. അതേസമയം, സംഘപരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാപ്രവര്‍ത്തകര്‍ക്കുമെതിരെ നിലപാട് കടുപ്പിക്കുമെന്നും സിറാജ് ആരോപിച്ചു.

സാധാരണഗതിയില്‍ പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതികളാണ് ഉയരുന്നത്. എന്നാല്‍ കേരള പൊലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍ എസ് എസിന്റെ ഉപകരണമായി മാറുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!