24 December 2024

കൊച്ചി: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 6 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 5.10 ലക്ഷം രൂപ പിഴയും. പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പിഴ അടച്ചില്ലെങ്കില്‍ ശിക്ഷാ കാലയളവ് കൂടും.

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതികളെ നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷിബിന്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 15നുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഷിബിന്‍ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ 4നാണ് ഹൈക്കോടതി വിധിച്ചത്. കേസിലുള്‍പ്പെട്ട 17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഏഴുപ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും വിദേശത്തായിരുന്ന പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഷിബിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി പുനപരിശോധിച്ചത്. കേസിലെ 17 പ്രതികളില്‍ ഒന്നുമുതല്‍ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!