കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. നവീന്‍ ബാബു ഗംഗാധരനില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം തള്ളിയിരിക്കുകയാണ് ഗംഗാധരന്‍.
സ്ഥലത്തെ മണ്ണ് നീക്കുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടാണ് താന്‍ എഡിഎമ്മിന് കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയപ്പോള്‍ ആ വിവരം അറിയിച്ചിരുന്നു എന്നും ഗംഗാധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് താന്‍ പറഞ്ഞു എന്നും ഗംഗാധരന്‍ വ്യക്തമാക്കി. എന്നാല്‍ കൈക്കൂലി ചോദിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.