25 December 2024

ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. പ്രിയങ്ക ഗാന്ധി കന്നി പോരാട്ടത്തിന് എത്തുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒഴിഞ്ഞ സീറ്റിലേക്കാണ് മത്സരിക്കാനായി പ്രിയങ്ക ഗാന്ധിയെത്തുന്നത്. മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി ആണ്. ഇതിനിടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുമായി എത്തിയിരിക്കുകയാണ് ബിജെപി. മഹിളാമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ നവ്യ ഹരിദാസിനെയാണ് പ്രിയങ്ക ഗാന്ധിക്ക് എതിരായി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ നവ്യാ ഹരിദാസ് ആരാണെന്ന് ചോദ്യവും ഉയര്‍ന്നുവരികയാണ്.

ബിടെക് ബിരുദധാരിയായ നവ്യ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബിജെപിക്ക് അന്യമായിരുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ താമര വിരിയിക്കാനുള്ള പരിശ്രമത്തില്‍ നവ്യയുടെ പങ്ക് ചെറുതല്ല. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് രണ്ട് തവണയാണ് നവ്യ വിജയിച്ചത്. ബിജെപിക്ക് കാലുകുത്താന്‍ പോലും ഇടമില്ലാത്തിടത്താണ് 2 തവണ വിജയിച്ച് നവ്യ പുതു ചരിത്രം സൃഷ്ടിച്ചത്. ആ വാര്‍ഡിപ്പോള്‍ ബിജെപി കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് വര്‍ദ്ധിപ്പിച്ചതില്‍ നവ്യയുടെ പങ്ക് വളരെ വലുതാണ്.

2015ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടുതവണ മത്സരിച്ചു വിജയിച്ചു. 2021ല്‍ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തി. 20.84 ശതമാനം വോട്ടാണ് അന്ന് നവ്യ ഹരിദാസ് നേടിയത്. കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകളും നവ്യ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് നവ്യ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

കോഴിക്കോട് ജില്ലയില്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന യുവ നേതാവാണ് നവ്യ ഹരിദാസ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അതിനു തെളിവാണ്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായ പ്രിയങ്ക ഗാന്ധി കന്നി അങ്കത്തിന് ഇറങ്ങുമ്പോള്‍ എതിരെ നിന്ന് മത്സരിക്കാനാവുന്നത് നവ്യയുടെ രാഷ്ട്രീയ ഭാവിയില്‍ അത് നേട്ടം തന്നെയാണ്. സ്ഥാനാര്‍ത്ഥിത്വത്തോടെ തന്നെ ദേശീയതലത്തില്‍ ശ്രദ്ധയാര്‍ജിക്കാന്‍ നവ്യയ്ക്ക് ആയിട്ടുണ്ട്.

തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നും നവ്യ ബിടെക് ബിരുദം നേടി. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്. അപ്രതീക്ഷിതമായാണ് നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായത്. വയനാടിന് ആവശ്യം നാട്ടുകാരായ എംപിയെ ആണെന്നാണ് മത്സരത്തിന് ഒരുങ്ങുന്ന നവ്യയുടെ പ്രതികരണം. മഹിളാമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വയനാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു . ചൂരല്‍മല മുണ്ടക്കയം ഉരുള്‍പൊട്ടല്‍ സമയത്ത് നവ്യ വയനാട്ടില്‍ സജീവമായിരുന്നു. അയല്‍ ജില്ലാ എന്നതിലുപരി അടുത്തറിയാവുന്ന പ്രദേശമാണ് വയനാട് എന്നും നവ്യ പ്രസ്താവിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!