പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍
ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. ചേലക്കരയിലെ കോണ്‍ഗ്രസുകാര്‍ തന്നെയാണ് രമ്യയെ എതിര്‍ക്കുന്നത്. ചേലക്കരയില്‍ കമ്മ്യൂണിറ്റി വോട്ടും വാങ്ങി ചിലര്‍ മുഖത്തും ചുണ്ടിലും ചായം പൂശി നടക്കുകയാണ്. പാവപ്പെട്ടവരെ കുറിച്ചു ഒരു ചിന്തയും ഇല്ലാത്തവര്‍.
ചേലക്കരയില്‍ എന്‍ കെ സുധീറിന് ജനങ്ങള്‍ വോട്ട് ചെയ്യും. എന്നാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കും. സതീശന് എന്റെ നെഞ്ചത്ത് കയറേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.
അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ മറുപടി നല്‍കിയത്.
പാലക്കാട് പിന്തുണയ്ക്കാം, പകരം ചേലക്കര നല്‍കണം: കോണ്‍ഗ്രസിന് മുന്നില്‍ ഡീലുമായി പി വി അന്‍വര്‍
യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി വി അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നില്‍ വെക്കുന്നത്. പകരം കേരളം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തില്‍ പിന്തുണ നല്‍കാമെന്നുമാണ് യുഡിഎഫിന് മുന്പില് അന്‍വര്‍ മുന്നോട്ടുവെയ്ക്കുന്ന ഡീല്‍.
പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് നേരത്തെ അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ പാലക്കാട് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയില്‍ തിരിച്ച് പിന്തുണയെന്ന ആവശ്യം അന്‍വര്‍ മുന്നോട്ട് വെക്കുന്നത്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫുകാര്‍ പോലും തള്ളിപ്പറഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍എസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിര്‍ക്കണം. യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാല്‍ ഈ കപ്പല്‍ പോകും. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പി വി അന്‍വറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് നീക്കം. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നുമാണ് യുഡിഎഫ് അന്‍വറിനോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് അന്‍വര്‍ ഉപാധി മുന്നോട്ട് വെച്ചത്.
. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പാലക്കാട് കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രം തീരുമാനം ആണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി.
ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് വരുത്താന്‍ ആരും ശ്രമിക്കണ്ട. ആര്‍എസ്എസിനെ പോലെ പിണറായിസത്തെയും എതിര്‍ക്കണമെന്നും അന്‍വര്‍ പറഞ്ഞു.