ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്.
2010 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കാര്‍വാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. കേസില്‍ എംഎല്‍എ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അഗ്രഹാര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ നാളെ വിധി പറയും.
സെയിലിനെയും പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനും നാളെ ഉച്ചയ്ക്ക് മുമ്പായി കോടതിയില്‍ ഹാജരാക്കാനും ജസ്റ്റിസ് സന്താഷ് ഗജനന്‍ ഭട്ട് ഉത്തരവിടുകയായിരുന്നു. കര്‍ണാടക മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ ആയിരുന്നു അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തിയത്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഇതുവഴി കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐ കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് സിബിഐ സതീശ് സെയിലിനെതിരെ ചുമത്തിയത്.