70 വയസ്സിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സായ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നാടിന് സമര്‍പ്പിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-JAY)യ്ക്ക് കീഴിലാണിത്.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും, അവര്‍ക്ക് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ ആളുകളെ സേവിക്കാന്‍ കഴിയുമെങ്കിലും ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി മോദി ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചകര്‍മ്മ ആശുപത്രി, ഔഷധ നിര്‍മാണത്തിനുള്ള ആയുര്‍വേദ ഫാര്‍മസി, സ്‌പോര്‍ട്‌സ് മെഡിസിന്‍ യൂണിറ്റ്, സെന്‍ട്രല്‍ ലൈബ്രറി, ഐടി, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്റര്‍, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.