രാജ്യത്തെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ അടക്കം ഇന്ധന വില വര്‍ധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റര്‍ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി ഡീലര്‍മാര്‍ക്ക് ലഭിക്കുക. ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനം കമ്മീഷനും ലഭിക്കും.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ധന വിതരണ ഡീലര്‍മാര്‍ തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കമ്പനികള്‍ അത് ചെവിക്കൊണ്ടിരുന്നില്ല. ഏതാണ്ട് 10 ലക്ഷം വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഇതിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്. 83000 പെട്രോള്‍ പമ്പുകളാണ് രാജ്യത്തുള്ളത്.