കാസര്‍കോട്: വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകളാണ് കാസര്‍കോട് നിന്ന് തയ്യാറാക്കുക. പ്ലാന്റിന്റെ തറക്കല്ലിടല്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.
ചെന്നൈയിലെ വന്ദേഭാരത് കോച്ച് ഫാക്ടറിയിലേക്കാണ് കാസര്‍കോട് നിന്ന് പ്ലൈവുഡ് ബോര്‍ഡുകള്‍ നിര്‍മ്മിച്ച് എത്തിക്കുക.തീപിടുത്തത്തേയും രാസവസ്തുക്കളേയും പ്രതിരോധിക്കുന്ന പ്ലൈവുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, എല്‍ പി ഷീറ്റ് എന്നിവയാണ് കാസര്‍കോട് നിര്‍മ്മിക്കുന്നത്. നൂറിലേറെപ്പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.