കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം.
ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി.
അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധ ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ മെട്രോ അധികൃതര്‍ക്കു പരാതി നല്‍കുമെന്നു യാത്രക്കാര്‍ പറഞ്ഞു.