ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ച പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. തങ്ങളുടെ ബ്ലോഗ് വഴിയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനം ആരംഭിക്കാന്‍ പോകുന്നതായി യൂട്യൂബ് അറിയിച്ചിരിക്കുന്നത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ സേവനം വഴി ഓണ്‍ലൈന്‍ വില്പന നടത്താന്‍ സാധിക്കും എന്നും യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്
പുതിയ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ യൂട്യൂബ് വീഡിയോ കാണുന്നിടയില്‍ തന്നെ ഷോപ്പിംഗ് നടത്താനാകും. വീഡിയോ ക്രിയേറ്റര്‍ മാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് യൂട്യൂബ് ഇത്തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ വീഡിയോകളില്‍ ഉത്പന്നങ്ങള്‍ ടാഗ് ചെയ്യാനും, കാഴ്ച്ചക്കാര്‍ അത് വാങ്ങുമ്പോള്‍ ലാഭത്തിന്റെ പങ്ക് കൈപ്പറ്റാനും പുതിയ സംവിധാനം വഴി സാധിക്കും. യൂട്യൂബിന്റെ ഭാഗമായ ഷോപ്പിങ് ആപ്പുകളായ ഫ്‌ലിപ്പ്കാര്‍ട്ടിലും മിന്ത്രയിലും ആയിരിക്കും യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം ആരംഭിക്കുക.
‘2023ല്‍ മാത്രം ആളുകള്‍ 30 ബില്യണ്‍ മണിക്കൂറിലധികം സമയം ഷോപ്പിങുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ യുട്യൂബില്‍ കണ്ടിട്ടുണ്ട്. ആളുകളുടെ ആവശ്യം മനസിലാക്കിയാണ് കാഴ്ച്ചക്കാരെയും ഷോപ്പിങ് ബ്രാന്‍ഡുകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ യൂട്യൂബ് ഷോപ്പിങ് പ്രോഗ്രാം ആരംഭിക്കുന്നത്’. യുട്യൂബ് ഷോപ്പിങിന്റെ ജനറല്‍ മാനേജറും വൈസ് പ്രസിഡന്റുമായ ട്രാവിസ് കാറ്റ്‌സ് പറഞ്ഞു.
എന്നാല്‍ ചാനലിന് പതിനായിരത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് ഷോപ്പിങ് ഉപയോഗിക്കാന്‍ കഴിയൂ. കുട്ടികള്‍ക്ക് മാത്രമായുള്ള ചാനലുകള്‍ക്കും സംഗീത ചാനലുകള്‍ക്കും ഇത് ഉപയോഗിക്കാനാകില്ല.