ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.എം.കെ. സ്ഥാനാര്‍ഥി എന്‍.കെ. സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ എം.എല്‍.എ. ആശുപത്രിയിലെത്തി ഒ.പി.യിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. നധികൃതമായി അറ്റന്റന്‍സ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
അനുവാദമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം.