25 December 2024

വയനാട്: വയനാട് കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മേപ്പാടി പഞ്ചായത്തിനാണ് നിര്‍ദേശം നല്‍കിയത്. മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ പുഴുവരിച്ച നിലയിലുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത്. റവ, ഗോതമ്പ് മാവ്, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമായിരുന്നു. ഇതോടെ മേപ്പാടി പഞ്ചായത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ മേപ്പാടി പഞ്ചായത്ത് ഭക്ഷ്യവസ്തുക്കള്‍ മാറ്റിവെച്ചുവെന്നും ഇതാണ് ഭക്ഷ്യസാധനങ്ങള്‍ പുഴുവരിക്കാന്‍ കാരണമായതെന്നുമായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യുമന്ത്രി കെ രാജന്‍, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി എത്തി.

ഇതിനിടെ മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിന്നുള്ള സോയാബീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. കുന്നമ്പറ്റയിലെ ഫ്ളാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നാണ് സിപിഐഎം ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!