വയനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനമാണ് നവംബര്‍ 13ന് രേഖപ്പെടുത്തിയത്. രാത്രി 7:45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 64.71 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തെയും ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് കുറവ്.
കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. കഴിഞ്ഞ നാല് തവണയും കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ വോട്ടര്‍മാര്‍ എന്തുകൊണ്ട് ഇത്തവണ ഉപതിരഞ്ഞെടുപ്പിനെ തണുപ്പന്‍മട്ടില്‍ കണ്ടു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചതായി മണ്ഡലത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനസിലാകും.
ആറ് മാസം മുമ്പാണ് വയനാട്ടുകാര്‍ ലോക്‌സഭയിലേക്ക് വോട്ട് ചെയ്തത്. ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിക്കപ്പെട്ടതാണ് എന്നും അനാവശ്യം എന്നും കരുതുന്നവര്‍ ഇത്തവണ വോട്ട് ചെയ്തില്ല.പ്രവാസി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ എത്തുന്നത് മലപ്പുറം ജില്ലയിലെ പതിവാണ്. വയനാട്ടിലെ വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ ഇത്തവണ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല . വലിയ പ്രതീക്ഷയില്‍ തങ്ങള്‍ തിരഞ്ഞെടുത്ത രാഹുല്‍ വയനാട് മണ്ഡലം ഉപേക്ഷിച്ചതില്‍ പ്രതിഷേധം ഉള്ളവര്‍. സ്വന്തം മണ്ഡലത്തില്‍ നിന്നും പ്രധാനമന്ത്രി ഉണ്ടാകാനുള്ള ആഗ്രഹമാണ് രാഹുല്‍ ഗാന്ധി വന്നപ്പോള്‍ 2019 ല്‍ വലിയൊരു ആവേശം ഉണ്ടാക്കിയത്. അന്നത് വന്‍തോതില്‍ വോട്ടായി മാറിയിരുന്നു. പിന്നീട് മണ്ഡലത്തിലെ പൊതു തിരഞ്ഞെടുപ്പിലെ ശരാശരി വോട്ടിങ് ശതമാനത്തില്‍ എത്തി. എന്നാല്‍ ആ രണ്ടു തവണയും ഉണ്ടായ ആ സാഹചര്യം ഇന്നില്ല.
കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവാണ് എങ്കിലും പ്രിയങ്ക ജയിച്ചാലും ഇത്തവണ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ മന്ത്രിയോ ആകാന്‍ ഇടയില്ല. വന്നു പോകുന്ന എംപി ആയിരിക്കും എന്ന തോന്നല്‍.റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം. 2009ല്‍ ഷാനവാസ് 1.5 ലക്ഷത്തിനും രാഹുല്‍ 2019 ല്‍ 4.3 ലക്ഷത്തിനും 2024ല്‍ 3.6 ലക്ഷത്തിനുമാണ് ജയിച്ചത്. എന്തായാലും ലക്ഷങ്ങളുടെ വോട്ടിന് ജയിക്കും.പിന്നെ എന്തിന് വോട്ട് ചെയ്യണം എന്ന് ചിന്തിച്ചവര്‍.
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റാത്ത കോണ്‍ഗ്രസ് അനുകൂല ഇടത് വിരുദ്ധ വോട്ടര്‍മാര്‍ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുള്ള ഇടത് അനുകൂല കോണ്‍ഗ്രസ്/ ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ വിട്ടു നിന്നു. പ്രിയങ്കയുടെ റോഡ് ഷോകളില്‍ ആവേശം കണ്ടു എങ്കിലും താഴെത്തട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേണ്ടത്ര പ്രചാരണം നടത്തിയെന്ന് കരുതാനാകില്ല. മുണ്ടക്കൈയില്‍ 100 ദിവസം മുമ്പ് നടന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം മനസിലുള്ളവര്‍.