24 December 2024

ഷാര്‍ജ: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ ഡി സി ബുക്‌സ് ഉടമ രവി ഡി സി. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ് ഡിസി ബുക്‌സെന്ന് അദ്ദേഹം പറഞ്ഞു. ‘ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. ഞങ്ങള്‍ പൊതുരംഗത്തു തിളങ്ങി നില്‍ക്കുന്നവരോ, ഒന്നുമല്ല. പൊതുപ്രവര്‍ത്തകരെയും പൊതുരംഗത്തുള്ളവരെയും ബഹുമാനിക്കുന്ന സ്ഥാപനമാണ് ഡിസി. അതുകൊണ്ടു തന്നെ പ്രതികരണത്തില്‍ മിതത്വം പാലിക്കുന്നു’- രവി ഡി സി പറഞ്ഞു.

പുസ്തകം അച്ചടിച്ചു പൂര്‍ത്തിയാക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നം മൂലം ആത്മകഥയുടെ പ്രസാധനം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറം ഡിസിയുടേതായിട്ട് മറ്റൊന്നും പറയാനില്ലെന്നും രവി ഡി സി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് പ്രതികരണമില്ലെന്ന അര്‍ത്ഥത്തില്‍ വായ പൂട്ടുന്നതായി രവി ആംഗ്യം കാണിച്ചു.

ഇ പി ജയരാജന്‍ എഴുതുന്ന ‘കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഉടന്‍ പുറത്തിറക്കുമെന്നായിരുന്നു പുസ്തകത്തിന്റെ കവര്‍പേജ് പുറത്തിറക്കി ഡി സി ബുക്‌സ് അറിയിച്ചിരുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ പി നില്‍ക്കുന്ന ചിത്രമായിരുന്നു കവര്‍പേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ആത്മകഥയ്ക്ക് കവര്‍പേജോ തലക്കെട്ടോ പോലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

‘ഞാന്‍ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏല്‍പ്പിക്കുന്നില്ല. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാന്‍ ഡി സിക്ക് എന്ത് അവകാശം? പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. തിരുത്താന്‍ ഏല്‍പ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാന്‍ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോര്‍ന്നോയെന്നു പരിശോധിക്കും. ഞാന്‍ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാര്‍ത്ഥ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല’- ഇ പി ജയരാജന്‍ ഇന്ന് പാലക്കാട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!