ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പദ്ധതികള്‍ ലഭിക്കുന്നതിനായി 2029 കോടി രൂപ കൈക്കൂലി നല്‍കിയെന്നും, ഇത് കാട്ടി അമേരിക്കക്കാരെ കബളിപ്പിച്ച് നിക്ഷേപം തട്ടിയെന്നുമുള്ള ഗുരുതര കുറ്റം ആരോപിക്കപ്പെട്ട അദാനി ഗ്രൂപ്പ് തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവുമൊടുവില്‍ കെനിയയില്‍ നിന്നാണ് അദാനിക്കും ബിസിനസ് സാമ്രാജ്യത്തിനും വലിയ തിരിച്ചടിയേറ്റത്. ഇവിടെ വമ്പന്‍ നിക്ഷേപം ആവശ്യമായി വരുന്ന രണ്ട് പദ്ധതികളുടെ കരാറില്‍ നിന്ന് കെനിയ സര്‍ക്കാര്‍ പിന്മാറി.
കെനിയയില്‍ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണവും 30 വര്‍ഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നല്‍കാനുള്ളതായിരുന്നു ആദ്യത്തെ പദ്ധതി. രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനുള്ള കരാറായിരുന്നു മറ്റൊന്ന്. പദ്ധതിയുടെ ചെലവ്,? നിര്‍മാണം,? പ്രവര്‍ത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി എനര്‍ജി സൊല്യൂഷന്‍സും കെനിയ സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ചത്. 30 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇവ രണ്ടുമാണ് റദ്ദാക്കിയത്.
ഈ രണ്ട് പദ്ധതികളിലും ക്രമക്കേട് ആരോപിച്ച് കെനിയയില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം തുടര്‍ന്നുവന്നിരുന്നു. ഇതിനിടയിലാണ് അമേരിക്കയില്‍ പുതിയ കുറ്റപത്രം വന്നത്. ഇത് കൂടി ആയതോടെ കെനിയയിലെ വില്യം റൂട്ടോ സര്‍ക്കാര്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി പിന്മാറുകയായിരുന്നു. രാജ്യത്ത് ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നതുമായ പദ്ധതികളായാണ് അദാനി ഗ്രൂപ്പുമായുള്ള സഹകരണത്തെ മുന്‍പ് വില്യം റൂട്ടോ സര്‍ക്കാരിലെ പ്രമുഖര്‍ വിശേഷിപ്പിച്ചിരുന്നു