കൊച്ചി: എറണാകുളം ജില്ലയിലെ മുന്നൂറ് ഏക്കറില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട പദ്ധതി . ഐടി കമ്പനികള്‍ക്ക് പുറമെ പാര്‍പ്പിട സൗകര്യങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, കായിക – സാംസ്‌ക്കാരിക സംവിധാനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും. പദ്ധതിക്കായി ജില്ലയില്‍ 300 ഏക്കര്‍ സ്ഥലത്ത് ലാന്‍ഡ് പൂളിങ് നടത്തുന്നതിന് ജിസിഡിഎയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഒക്ടോബറില്‍ ഉത്തരവ് ഇറക്കിയിരുന്നു. 202ലെ സര്‍ക്കാര്‍ നിയമം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ലാന്‍ഡ് പൂളിങ് പദ്ധതിയാകും ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിനായി നടപ്പാക്കുന്നത്.
ഇന്‍ഫോപാര്‍ക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂര്‍ണമായും നിറഞ്ഞ സാഹചര്യത്തില്‍ പ്രായോഗിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐടി പാര്‍ക്കായി മൂന്നാം ഘട്ടത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ആറ് സുപ്രധാന ഘടകങ്ങളാണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിലുണ്ടാകുന്നത്.
കാര്‍ബണ്‍ ന്യൂട്രല്‍, ജലവിഭവ സ്വയംപര്യാപ്തത, പൂര്‍ണമായ മാലിന്യ നിര്‍മാര്‍ജനം, കൊച്ചി നഗരം – ദേശീയപാത – റെയില്‍വേ – വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐടി പാര്‍ക്ക്, കെട്ടിടങ്ങളെയോ ഐടി കമ്പനികളെയോ അലോസരപ്പെടുത്താത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ വ്യക്തമാക്കി.
അതിനിടെ, ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി ജിസിഡിഎയുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിങ് നടത്തുന്നതിനു മുന്നോടിയായി ശില്‍പശാല സംഘടിപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഐടി ആവാസവ്യവസ്ഥയില്‍ കൊച്ചിയുടെ സ്ഥാനം ഏറ്റവും പ്രധാനമായതിനാലാണ് ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ലാന്‍ഡ് പൂളിങ് ചര്‍ച്ച ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി വിജയിച്ചാല്‍ കേരളത്തിന് ഇന്‍ഫോപാര്‍ക്ക് മാതൃകയാകും. കേരളത്തില്‍ ഭൂമിവില, പാരിസ്ഥിതിക മേഖലാ പ്രശ്‌നങ്ങള്‍, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഭൂവുടമയുടെ പൂര്‍ണസമ്മതത്തോടെ ഉപയോഗപ്പെടുത്താവുന്ന ലാന്‍ഡ് പൂളിങ്ങിന്റെ സാധ്യത പരിശോധിച്ചത്. കേരള ലാന്‍ഡ് പൂളിങ് നിയമവും പാസാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മാതൃകകള്‍ വിശകലനം ചെയ്ത് കേരളത്തിന്റെ സാഹചര്യത്തിനൊത്ത മാതൃക രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ ലാന്‍ഡ് പൂളിങ്ങിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജിസിഡിഎ ഇത് രാജ്യത്തിനു മാതൃകയാക്കാവുന്ന വിധം കുറ്റമറ്റതാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.