കോട്ടയം: വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനം ഉണര്‍ന്നത് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പുവടയും ആത്മകഥയിലൂടെയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി സ്വീകരിച്ച് ഡി.സി ബുക്സ്. സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എം.വി ശ്രീകുമാറിനെ ഡി.സി.ബുക്‌സ് സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തത്.
ഇപി ജയരാജനുമായി പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ ഡി.സി രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി ബുക്‌സ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
ഡിസി ബുക്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് മൊഴിനല്‍കി. ചില മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അവ ആശയെക്കുറിപ്പും സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഡിസി ബുക്‌സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായപ്രകടനം അനുചിതമാണ്. എന്നാണ് ഡിസി ബുക്‌സ് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
അതേസമയം ആത്മകഥയിലുണ്ടെന്ന രീതിയില്‍ പുറത്ത് വന്ന കാര്യങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണെന്നാണ് ഇപി ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇപി ജയരാജന്‍. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുസ്തകം ഇപ്പോഴും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. പൂര്‍ത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്നും ഇപി.
പുറത്തുവന്ന വിവരങ്ങള്‍ തികച്ചു അടിസ്ഥാന രഹിതമാണെന്നും ബോധപൂര്‍വം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൈമാറിയിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.രണ്ടാം പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്നും ആത്മകഥയിലുണ്ട്.