14 January 2025

2034 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലെ ടൂര്‍ണ്ണമെന്റ് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്തും. 2022 ലെ ലോകകപ്പ് ഖത്തറില്‍വച്ചായിരുന്നു നടന്നത്. ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ.

2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി. 2034ലെ ലോകകപ്പ് നടത്താന്‍ സന്നദ്ധതയറിയിച്ച് സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. ഓസ്‌ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ കായിക മേഖലയില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെ 2027 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനും 2034 ഏഷ്യന്‍ ഗെയിംസിനും ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ലോകകപ്പിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശന മത്സരങ്ങള്‍ക്ക് അര്‍ജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ വേദിയാകും. 1930ല്‍ ആദ്യ ഫിഫ ലോകകപ്പ് നടന്നതിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രദര്‍ശന മത്സരങ്ങള്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!