കൊച്ചി: സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയുമായി നിർമാതാവ് സന്തോഷ് ടി കുരുവിള.ആഷിഖ് അബു 2 കോടി 15 ലക്ഷം രൂപ തനിക്ക് നൽകാൻ ഉണ്ടെന്നാണ് പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ് ടി കുരുവിള പരാതി നൽയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചു.
വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് കാശ് ലഭിക്കാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിള പരാതിയിൽ പറയുന്നത്.
മൂന്ന് സിനിമകളും സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേർന്നാണ് നിർമിച്ചത്. ഇതിൽ മായാനദിയും മഹേഷിന്റെ പ്രതികാരവും ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു.