തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിനായി ചായകൾ കുടിക്കാറുണ്ട്. അതിലൊന്നാണ് ഇഞ്ചി ചായ. പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചി ചായ സഹായിക്കുന്ന പാനീയമാണ്. അത് പോലെ മറ്റൊരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിലും ഇഞ്ചി ചായയിലും വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും. തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?
ഇഞ്ചിയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങളാണ് ജിഞ്ചറോളും ഷോഗോളും. ഇഞ്ചിയിലും ഗ്രീൻ ടീയിലും ആന്റി-ഇൻഫ്ലമേറ്ററി, ആന്റി വൈറൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ പ്രത്യേകിച്ച് എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്, കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ കഴിയും.
ഇഞ്ചിയുടെ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ഇത് തണുപ്പ് കാലത്ത് ജലദോഷവും പനിയും പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി ചായ മികച്ചൊരു പരിഹാരമാണ്. കൂടാതെ, ഇഞ്ചി ചായ സന്ധി വേദനയും കാഠിന്യവും ലഘൂകരിക്കാൻ സഹായിക്കും.
ഇഞ്ചി ചായ തൊണ്ടവേദന കുറയ്ക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. തൊണ്ടവേദനയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ടെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് പ്രിവൻ്റീവ് മെഡിസിനിൽ 2013-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലും ശരീരത്തിലും തണുത്ത കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.