കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭവാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് 39,80,000 രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ പോട്ട പഴമ്പിള്ളി പുല്ലന്‍ വീട്ടില്‍ നബിന്‍ (26) ആണ് അറസ്റ്റിലായത്. ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തിന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോ അതിലേറെയോ ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ വിശ്വസിച്ച ഇയാള്‍ ഏപ്രിലില്‍ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 16 തവണയായി പണം നിക്ഷേപിക്കുകയായിരുന്നു.