തൃശൂർ : കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്(24)നെയാണ് തൃശൂർ സിറ്റി ജില്ലാ പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം ഗുരുവായൂർ എ.സി.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിലേക്ക് നാടുകടത്തിയത്.
കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ചാവക്കാട്, പാവറട്ടി, വടക്കേക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. മാരക മയക്കു മരുന്നായ എംഡിഎംഎ കൈവശം വച്ച കുറ്റം, മോഷണം, നിരവധി കേസുകളിൽ പ്രതിയാണ്. അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.
ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ കാപ്പ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. തുടർന്നും മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.