ആര്യനാട്: ക്രിസ്മസ്-പുതുവത്സരദിനങ്ങൾ ആനന്ദകരമാക്കാൻ ആര്യനാട് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ നടത്തും. സഞ്ചാരികൾ,തീർത്ഥാടകർ,വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ബസ് നൽകും. പൊൻമുടി,വാഗമൺ,മൂന്നാർ,മഹാബലിപുരം, പമ്പ,ശിവഗിരി,തിരുവൈരാണിക്കുളം ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സർവ്വീസുകൾ തുടങ്ങുക. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ സർവ്വീസുകളുമുണ്ടാകും. സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, കലാകായിക ക്ലബുകൾ, അയൽ കൂട്ടങ്ങൾ,പൂർവ്വവിദ്യാർത്ഥി സംഘടനകൾ,ആരാധനാലയങ്ങൾ തുടങ്ങിയവർക്ക് മാത്രമായി സർവ്വീസുകളും ഉണ്ടാകും.
വർക്കല ശിവഗിരി തീർത്ഥാടകർക്ക് ഡിസംബർ 30ന് പ്രത്യേക സർവ്വീസ് നടത്തും. ഒരാൾക്ക് 300 രൂപയാണ് ചാർജ്. പൊൻമുടിയിലേക്കുള്ള യാത്രയ്ക്ക് മടങ്ങി വരവ് ഉൾപ്പെടെ 350 രൂപ. ജനുവരി 18ന് ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലേക്ക് ആര്യനാട് നിന്നും വെളുപ്പിന് 4ന് സർവ്വീസ് ഉണ്ടാകും. 920 രൂപയാണ് ടിക്കറ്റ്. കൊട്ടാരക്കര ഗണപതി ക്ഷേത്രം,ഏറ്റുമാനൂർക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സന്ദർശിച്ച് തിരുവൈരാണിക്കുളത്ത് എത്തും. ജനുവരി 12 ഞായറാഴ്ച മുതൽ ജനുവരി 23 വ്യാഴം വരെയാണ് നടതുറപ്പ് മഹോത്സവം. വിവാഹാവശ്യങ്ങൾക്കും ബസ് വാടകയ്ക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9744936870, 0472 2853900 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.