കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിലെ ‘കസേരകളിക്ക്” ഒടുവിൽ അവസാനം. ഡോ.ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയി ചുമതലയേറ്റു. സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ചുമതലയേറ്റത്. നിലവിലെ ഡി.എം.ഒ ഡോ.എൻ രാജേന്ദ്രനോട് തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറേറേറ്റിൽ അഡിഷണൽ ഡയറക്ടറായി എത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഡിസംബർ 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയ ഡോ. ആശാദേവി ഡി.എം.ഒയുടെ കാബിനിൽ ഡോ. രാജേന്ദ്രന് അഭിമുഖമായി ഇരുന്നു. വൈകിട്ട് നാലര വരെ ഇതേ സ്ഥിതി തുടർന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ആരോഗ്യവകുപ്പിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിട്ടില്ലെന്നും പരാതിക്കാരെ കേട്ടശേഷം ഒരു മാസത്തിനകം പുതിയ സ്ഥലം മാറ്റ ഉത്തരവ് ഇറക്കണമെന്നുമാണ് ട്രൈബ്യൂണൽ നിർദ്ദേശമെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്ഥലം മാറ്റ ഉത്തരവ് പാലിക്കുന്നതിൽ ഉപേക്ഷ കാണിച്ചാൽ ഗൗരവമായി കാണുമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിനെ തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. കോഴിക്കോട് ഡി.എം.ഒ സ്ഥാനത്തുണ്ടായിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റിൽ അഡിഷണൽ ഡയറക്ടറായും എറണാകുളം ഡി.എം.ഒ. ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടായിരുന്നു ഉത്തരവിറങ്ങിയത്. ഡിസംബർ 10നാണ് ഡി.എം.ഒയായി ഡോ.ആശാദേവി ചുമതലയേറ്റെടുത്തത്. അന്നുതന്നെ ഡോ. രാജേന്ദ്രൻ സ്ഥാനമൊഴിയുകയും ചെയ്തു. ഡിസംബർ 12ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ വീണ്ടും ഡി.എം.ഒയായി കോഴിക്കോട്ടെത്തി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ നീക്കിയതിനെ തുടർന്ന് തിങ്കളാഴ്ച ചാർജെടുക്കാനായി ഡോ. ആശാദേവി വീണ്ടും ഓഫീസിലെത്തിയെങ്കിലും മാറാൻ ഡോ.രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ മൂന്ന് മണിക്കൂറോളം സമയം രണ്ടുപേരും ഒരേ കാബിനിൽ തുടർന്നു. ആശാദേവി പിന്നീട് പുറത്തിറങ്ങിയെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ഇന്നലെ വീണ്ടും ഇരുവരും ഓഫീസിലെത്തി നിയമപ്രകാരം താനാണ് ഡി.എം.ഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാടെടുത്തു. തുടർന്ന് ഇന്നലെയും ഇരുവരും കാബിനിൽ ഒന്നിച്ചിരുന്നു. കസേരകളി തുടർന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.