തിരുവനന്തപുരം:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍, ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എ ഡി എം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്നതിന് തെളിവ് ഹാജരാക്കാന് പ്രശാന്തിനു കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശാന്തിന്റെ മൊഴി മാത്രമാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. പ്രശാന്ത് സ്വര്‍ണം പണയം വെച്ചത് മുതല്‍ എ ഡി എമ്മിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന് ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന് ബാബു കൂടിക്കാഴ്ച നടക്കുന്നത്.