ചിറ്റൂർ : തമിഴ്നാട്ടിലെ പൈതൃകവിത്തിനങ്ങളിൽ മൂപ്പു കുറഞ്ഞതും പ്രതിരോധശേഷി കൂടിയതുമായ അറുപതാം കുറവയുമായി എലപ്പുള്ളി കാടാംകോട്ടിലെ കർഷകൻ രാമചന്ദ്രൻ.
ഓരോ സീസണിലും കർഷകൻ വിളവിറക്കി വെള്ളമില്ലാതെ കൃഷിയുണങ്ങി നഷ്ടത്തിലാകുന്ന സമയത്ത് നടീൽ കഴിഞ്ഞ് അറുപതാം ദിവസം വിളവെടുക്കാവുന്ന വിത്ത് കർഷകന് തുണയാകുമെന്ന് കൃഷി ഓഫീസർ വിനോദ് കുമാർ പറഞ്ഞു. ഉമ, ഭദ്ര, പൊന്മണി തുടങ്ങിയ വിത്തിനങ്ങൾക്ക് 120 മുതൽ 140 ദിവസം വരെയാണ് മൂപ്പ്.
അറുപതാം കുറവയ്ക്ക് വെള്ളവും കുറച്ചു മതി. വിത്തിന് ഔഷധഗുണവുമുണ്ടെന്ന് പറയുന്നു. പ്രമേഹരോഗികൾക്കും ഏറെ നല്ലതാണ്.
നല്ല വിളവ് ലഭിക്കുന്നതും ഹ്രസ്വകാല മൂപ്പുള്ളതുമായ വിത്ത് പഞ്ചായത്തിൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് വിജുമോൻ പങ്കെടുത്തു.