25 December 2024

കൊച്ചി: തീര്‍ത്തും വ്യത്യസ്തമായ ചിത്രം എന്ന നിലയില്‍ തീയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് മമ്മൂട്ടി നായകനായ കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി ജ്യോതിക എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കഥയുടെ കാതല്‍ കൊണ്ടും ഇപ്പോഴും കേരളത്തില്‍ 150 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് എട്ടുദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മോളിവുഡ് ബോക്സോഫീസ് ട്വിറ്റര്‍ ഹാന്‍റിലില്‍ വന്ന കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ചിത്രം 10 കോടി കളക്ഷന്‍ കടന്നിരിക്കുകയാണ്.

കേരളത്തില്‍ നിന്നും ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്സോഫീസില്‍ നിന്നും കളക്ഷന്‍ 1.85 കോടിയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നും മൊത്തം കളക്ഷന്‍ 9.4 കോടിയായി. യുകെയില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്. ബാക്കി യൂറോപ്പില്‍ 15 ലക്ഷവും നേടി.

കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി ഇല്ലായിരുന്നു. ഒപ്പം ചിത്രം കാനഡയില്‍ റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ ലഭ്യമല്ല. അതായത് എല്ലാം ചേര്‍ത്ത് എട്ട് ദിവസത്തില്‍ ചിത്രം 10.1 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. അതായത് അഞ്ച് കോടിക്ക് താഴെയാണ് കാതലിന്‍റെ ബജറ്റ് അതിനാല്‍ തന്നെ ചിത്രം വന്‍ ഹിറ്റ് എന്ന ഗണത്തിലേക്കാണ് ഈ കണക്കുകളിലൂടെ തന്നെ തെളിയുന്നത്.

കണ്ണൂര്‍ സ്ക്വാഡ് എത്തിയതുപോലെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് മമ്മൂട്ടി കമ്പനി കാതലും പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് സൂചനകള്‍ പുറത്തെത്തിയതിനാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രത്തിനായി വലിയ കാത്തിരിപ്പും ഉണ്ടായിരുന്നു. റിലീസ് ദിനം ആദ്യ ഷോകളോടെ മികച്ച പ്രേക്ഷകാഭിപ്രായം നേടാനായ ചിത്രം ആദ്യദിനം നേടിയത് 1.05 കോടി ആയിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിനങ്ങളില്‍ കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!