കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തു. പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യ അനിത, മകൾ അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റും.
പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കൂടാതെ തട്ടിക്കൊണ്ടു പോകൽ കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ പുളിയറയിൽ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും കസ്റ്റഡിയിലായത്.
തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം സഹോദരനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പ്രതികളുടെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.