പട്ടാമ്പി : ഉറ്റവർ മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ നാടുകടക്കേണ്ട ഗതികേടാണു പട്ടാമ്പിക്കാർക്കുള്ളത്. സ്വന്തമായി പൊതുശ്മശാനമുണ്ടെങ്കിലും പ്രയോജനമില്ല. അയൽജില്ലകളാണ് ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാൻ ആശ്രയം. ഒരു പൊതുശ്മശാനം പട്ടാമ്പിയിലുണ്ടെങ്കിലും ഒരു പതിറ്റാണ്ടോളമായി കേസിൽപ്പെട്ടുകിടക്കുന്നതിനാൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല.
1970-ലാണ് പട്ടാമ്പിയിൽ ഭാരതപ്പുഴയോരത്ത് പട്ടാമ്പി-കിഴായൂർ നമ്പ്രം റോഡിൽ പൊതുശ്മശാനം സ്ഥാപിച്ചത്. ഒന്നുരണ്ടുപേരുടെ മൃതദേഹം ദഹിപ്പിച്ചെങ്കിലും നാട്ടുകാരിൽ ചിലർ എതിർപ്പുമായി വന്നു. പിന്നീട് ഹൈക്കോടതിയിൽ കേസ് നൽകുകയായിരുന്നു. ഇതോടെ പ്രവർത്തനവും നിലച്ചു. ശങ്കരമംഗലത്തിനടുത്ത് കള്ളിക്കാട്, കുളപ്പുറം പാറ, കുതിരപ്പാറ എന്നിവിടങ്ങളിലടക്കം വർഷങ്ങൾക്കു മുമ്പ് നാലു ശ്മശാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയും കാലക്രമേണ ഇല്ലാതായി.
ഇതുമൂലം ദുരിതത്തിലായത് സാമ്പത്തികശേഷി കുറഞ്ഞവരും സ്വന്തമായി സ്ഥലമില്ലാത്തവരുമാണ്. ദൂരസ്ഥലങ്ങളിലേക്കുള്ള ആംബുലൻസ് വാടകയും ദഹിപ്പിക്കുന്ന ചാർജുമടക്കം ഏകദേശം 15000-ത്തോളം രൂപ ചെലവിടേണ്ടിവരും ബന്ധുക്കൾക്ക്. വീട്ടിൽ വന്ന് ദഹിപ്പിക്കുന്നവർക്ക് 6000 രൂപയോളമാണ് ചാർജ്. ഇതിനായി വീട്ടുവളപ്പിൽ സ്ഥലവും അയൽവാസികളുടെ സമ്മതപത്രവും വേണം. സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. പലരും പിരിവിട്ടും മറ്റുമാണ് കാര്യങ്ങൾ നടത്തുക. കോവിഡ് സമയത്ത് മരണം കൂടിയപ്പോൾ മറ്റിടങ്ങളിലേക്കു കൊണ്ടുപോകാൻ പ്രതിസന്ധി നേരിട്ടിരുന്നു.
നിലവിൽ പട്ടാമ്പി നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനം കാടുമൂടിക്കിടക്കുകയാണ്. ഹൈക്കോടതിയിൽനിന്ന് നഗരസഭയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ പൊതുശ്മശാനം തുറക്കാനാവും. മറിച്ചാണെങ്കിൽ അനുയോജ്യമായ മറ്റു സ്ഥലം കണ്ടെത്തി ശ്മശാനം സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അതേസമയം, ശ്മശാനം തുറക്കുന്നതിനായി മലിനീകരണനിയന്ത്രണ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും അനുമതി വാങ്ങാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നു നഗരസഭാധികൃതർ പറഞ്ഞു.