തിരുവല്ല: തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടി ക്രൂരത. സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിഗര്‍ഭിണിയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടര്‍ന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്‌കാനിംഗിലാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവില്‍ പോയിരുന്നു.
അന്വേഷണത്തിനൊടുവില്‍ ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പോലീസ് പങ്കുവെയ്ക്കുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.