മലപ്പുറം: മലപ്പുറം എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മര്‍ദനമേറ്റതായി പരാതി. എടക്കര മധുരകറിയന്‍ ജിബിനാണ് (24) മര്‍ദനമേറ്റത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറിയതിന്റെ പേരിലാണ് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടി ആരോപിച്ചു. വീടും മര്‍ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. സ്‌കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിന്‍ ചാര്‍ജ് ചെയ്യാന്‍ സ്ഥലം അന്വേഷിക്കുകയായിരുന്നു.
തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജിബിന്‍ പ്രസ്തുത വീട്ടിലെത്തിയതെന്ന് അലവിക്കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ജിബിന്‍ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ എടക്കര പൊലീസില്‍ ജിബിന്റെ പിതാവ് പരാതി നല്‍കി. ചുങ്കത്തറ സ്‌പെഷ്യല്‍ സ്‌കൂളില്‍ നാലാം ക്ലാസിലാണ് ജിബിന്‍ പഠിക്കുന്നത്. മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജിബിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.