25 December 2024

സംസ്ഥാനത്തിന് അഭിമാനമായി മലപ്പുറം കോട്ടയ്ക്കലിലെ കുടുംബാരോഗ്യ കേന്ദ്രം. നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡി(എന്‍ക്യുഎഎസ്)ല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിക്കൊണ്ടാണ് കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രം അഭിമാനമായത്. 99 ശതമാനം സ്‌കോര്‍ നേടിക്കൊണ്ടാണ് മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇവിടം ഉള്‍പ്പെട്ടത്.
ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണല്‍ ഈവന്റില്‍ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി.

കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിക്കുള്ള അംഗീകാരം കൂടിയാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!