ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി. ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ചരിത്രപ്രസിദ്ധമായ പൊങ്കാലയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തരാണ് എത്താറുള്ളത്.
ഇന്ന് രാവിലെ 10:00 മണിക്ക് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകളിലേക്ക് കടക്കും.
10:30ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറും. തുടര്‍ന്ന് അദ്ദേഹം പണ്ടാര അടുപ്പില്‍ തീ പകരുന്നതാണ്. ശേഷം അതേ ദീപം സഹമേല്‍ശാന്തിമാര്‍ക്കും കൈമാറും. ഈ ദീപം ക്ഷേത്ര തിടപ്പള്ളിയിലും, ക്ഷേത്രത്തിന്റെ മുന്‍വശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലേക്ക് പകരും. തുടര്‍ന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭക്തര്‍ക്ക് തീ പകര്‍ന്ന് നല്‍കുന്നതാണ്.