രാജ്യത്തേക്ക് കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് അബുദാബി സര്‍ക്കാര്‍. ഫാമിലി ബിസിനസുകാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. വ്യവസായ മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് നാല് സുപ്രധാന പദ്ധതികള്‍ക്കാണ് അബുദാബി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
ഇതില്‍ ഫാമിലി ബിസിനസ് കൗണ്‍സില്‍ ആണ് ഏറ്റവും പുതിയ തീരുമാനം. അബുദാബിയിലെ ഫാമിലി ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതാണ് ഈ ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ലക്ഷ്യം. കുടുംബങ്ങള്‍ നടത്തുന്ന ബിസിനസുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും മറ്റ് സഹായങ്ങളുമായിരിക്കും ഈ കൗണ്‍സില്‍ നല്‍കുക. കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ക്ക് ബിസിനസ് രംഗത്ത് വളരാനും സഹായങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ബിസിനസിലെ പുതിയ മേഖലകള്‍ കണ്ടെത്തല്‍, വെല്ലുവിളികളെ അതിജീവിക്കല്‍, നിക്ഷേപങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങി പ്രവര്‍ത്തനങ്ങളും കൗണ്‍സില്‍ നടത്തുന്നതായിരിക്കും.
പുതിയ രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാപിച്ചതാണ് അബുദാബി സര്‍ക്കാരിന്റെ രണ്ടാമത്തെ പ്രധാന തീരുമാനം. ബിസിനസ്സുകള്‍ക്കുള്ള ലൈസന്‍സുകളും മറ്റ് നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനാണ് ഇത്തരത്തില്‍ ഒരു രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പിന് കീഴിലായിരിക്കും ഈ രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. കമ്പനി രജിസ്‌ട്രേഷന്‍ ഇനി ഏകജാലക സംവിധാനം വഴിയായിരിക്കും. പുതുതായി നിലവില്‍ വരുന്ന ഫ്രീ സോണുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ മേഖലകളുടെ നിയന്ത്രണം രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ഇതുവഴി കേന്ദ്രീകൃത സംവിധാനമാണ് നിലവില്‍ വരുന്നത്.
സംരംഭങ്ങള്‍ക്ക് വികസന ഫണ്ട് നല്‍കുക എന്നതാണ് അടുത്ത തീരുമാനം. ഇത്തരത്തില്‍ വികസന ഫണ്ട് നല്‍കുന്നതിനായി ഖലീഫ ഫണ്ട് എന്ന പേരില്‍ പുതിയ ഫണ്ടിനും അബുദാബി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. സാങ്കേതിക രംഗത്ത് പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കമ്പനികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.