കൊച്ചി: ബ്രൊമാന്‍സ് എന്ന സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്കും ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. അര്‍ജുനും സംഘവും ഉണ്ടായിരുന്ന കാര്‍ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാര്‍ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളില്‍ ഇടിച്ചാണ് നിന്നത്.