തിരുവനന്തപുരം: ഇരു ചക്രവാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലം പാച്ചല്ലൂർ മണിമന്ദിരത്തിൽ എസ്. മണികണ്ഠൻറെ ഭാര്യ ആർ. സുനിത (42) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 28 ന് രാത്രി ഏഴുമണിയോടെ വെങ്ങാനൂർ ഗ്രൗണ്ടിന് സമീപം ആണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സുനിതക്കൊപ്പം വാഹനം ഓടിക്കാൻ പരിശീലനം നൽകുകയായിരുന്നു മുല്ലൂർ ശാന്തിപുരം സ്വദേശി ഷാജി (39) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ സംഭവ ദിവസം രാത്രി തന്നെ മരിച്ചു.
സുനിത സ്കൂട്ടർ ഓടിക്കാൻ പരിശീലിച്ച ശേഷം തിരികെ മടങ്ങവേ മൺതിട്ടയ്ക്ക് മുകളിൽ കയറി നിയന്ത്രണം തെറ്റിയ സ്കൂട്ടർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവ സമയം ഷാജിയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
സാരമായി പരിക്ക് പറ്റിയ ഇരുവരെയും ഉടൻ നാട്ടുകാർ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുനിത ഞായറാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: ദർശിനി, ആദർശ്. വിഴിഞ്ഞം പൊലീസ് കേസ് എടുത്തു.