25 December 2024

കൊച്ചി: പെറ്റി കേസുകളിലെന്നപോലെ സമൻസ്​ കേസുകളിലും പ്രതിയെ കണ്ടെത്താനാവില്ലെന്ന്​ പൂർണ ബോധ്യമുള്ള സാഹചര്യത്തിൽ കേസുകളിലെ നടപടികൾ അവസാനിപ്പിക്കാൻ മജിസ്​ട്രേറ്റിന്​ അധികാരമുണ്ടെന്ന്​ ഹൈകോടതി. വിലാസം അപൂർണമോ വ്യാജമോ ആണെങ്കിൽ പ്രതിയെ കണ്ടെത്തുകയെന്നത്​ അ​പ്രായോഗികമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ എ​.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

പ്രതികളെ കണ്ടെത്തി കോടതിയിൽ സാന്നിധ്യം ഉറപ്പാക്കാൻ പ്രോസിക്യൂഷന്​ കഴിയാത്തതിനാൽ മാത്രം 1.59 ലക്ഷം കേസുകൾ മജിസ്​ട്രേറ്റ്​ കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച്​ വിഷയം തീർപ്പാക്കാൻ മുതിർന്ന ജഡ്​ജിമാർ ഉൾപ്പെട്ട അഡ്​മിനിസ്​ട്രേറ്റിവ്​ കമ്മിറ്റി ശിപാർശ ചെയ്തത്​ പ്രകാരം സ്വമേധയാ എടുത്ത ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

പ്രതികളുടെ വിലാസം കൃത്യമല്ലാത്തതടക്കം ഗുരുതര അപാകതകൾ മൂലം തുടർ നടപടികൾ അസാധ്യമായ അവസ്ഥയിൽ പൊലീസ്​ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിക്കാൻ മജിസ്​ട്രേറ്റിന്​ വിവേചനാധികാരം നൽകുന്ന ക്രിമിനൽ നടപടി​ക്രമം 258 ബാധകമാക്കുന്നത്​ സംബന്ധിച്ചാണ്​ കോടതി പരിശോധിച്ചത്.പെറ്റി കേസുകളിൽ മാത്രമല്ല, സമൻസ്​ കേസുകളുടെ കാര്യത്തിലും പ്രതിയെ ഹാജരാക്കാൻ ഒരു സാധ്യതയുമില്ലെന്നിരിക്കെ വിചാരണയുടെ ഏത്​ ഘട്ടത്തിൽ പോലും കേസിലെ നടപടികൾ അവസാനിപ്പിക്കാൻ സി.ആർ.പി.സി 258 പ്രകാരം അധികാരമുണ്ടെന്ന വാദവും ഉയർന്നു.

സമൻസ്​ കേസിലാണെങ്കിലും കൂടുതൽ കാലം ദീർഘിപ്പിച്ച്​ ​കൊണ്ടുപോകാൻ മജിസ്​ട്രേറ്റ്​ ബാധ്യസ്ഥനല്ല. കേസുകൾ കുന്നുകൂടുന്നത്​ തടയുകയും കോടതികളുടെ സമയം പാഴാക്കുന്നത്​ ഒഴിവാക്കുകയും സാമ്പത്തിക നഷ്ടം കുറക്കുകയുമാണ്​ സി.ആർ.പി.സി 258 പ്രകാരമുള്ള നടപടികൾ കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന വാദവുമുയർന്നു. എന്നാൽ, ഇത്തരത്തിൽ കേസ്​ അവസാനിപ്പിക്കുന്നത്​ പ്രതിയെ കുറ്റമുക്തമാക്കുന്നതിന്​ തുല്യമാണെന്ന്​ വിലയിരുത്തിയ കോടതി, അസാധാരണവും അപൂർവവുമായ സാഹചര്യത്തിലേ​ മജിസ്​ട്രേറ്റുമാർ​ ഈ അധികാരം വിനിയോഗിക്കാവൂവെന്ന്​ വ്യക്തമാക്കി.

ഒരിക്കൽ വിചാരണ തുടങ്ങിയാൽ ശിക്ഷിക്കുന്നതിലോ വെറുതെവിടലിലോ അത്​ അവസാനിക്കണമെന്നാണ്​ നിയമം. എന്നാൽ, ഇതിൽനിന്ന്​ ഇളവ്​ അനുവദിക്കുന്നതാണ്​ സി.ആർ.പി.സി 258 പ്രകാരമുള്ള അധികാരം.

യുക്തിസഹമായി മനസ്സിരുത്തി സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ചും കാരണം രേഖപ്പെടുത്തിയും​ വേണം അധികാരം നടപ്പാക്കാൻ. പ്രതി ഒളിവിലായ സാഹചര്യത്തിലോ സമൻസ്​ പറ്റാതിരിക്കാൻ ശ്രമം നടത്തുന്ന കേസിലോ ഈ ഇളവ്​​ സാധ്യമല്ല.

മജിസ്​ട്രേറ്റുമാർ​ ഈ അധികാരം വിനിയോഗിക്കുന്നതിന്​ പ്രതിയെ കണ്ടെത്താൻ പരമാവധി ശ്രമിച്ചിട്ടും കണ്ടെത്താനായില്ലെന്ന പ്രോസിക്യൂഷൻ റിപ്പോർട്ടുണ്ടാകണം. പ്രോസിക്യൂഷൻ പരമാവധി ശ്രമിച്ചുവെന്ന്​ കോടതിക്ക്​ ബോധ്യപ്പെടുകയും വേണം. ​

പ്രതിയെ കണ്ടെത്താൻ മുടക്കേണ്ടിവരുന്ന തുക കുറ്റകൃത്യത്തിന്‍റെ ശിക്ഷയായി ലഭിക്കുന്ന തുകയെക്കാൾ മൂല്യമേറിയാണെന്ന്​ ബോധ്യപ്പെട്ടാലും മജിസ്​ട്രേറ്റുമാർക്ക് ഈ അധികാരം ഉപയോഗിക്കാം. സമൻസ്​ കേസുകളിലും എല്ലാ ശ്രമവും നടത്തിയിട്ടും പ്രതിയെ മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കാൻ സാധ്യമായില്ലെന്ന്​ ബോധ്യപ്പെട്ടാലും ഈ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അമിക്കസ്​ ക്യൂറി നന്ദഗോപാൽ എസ്​. കുറുപ്പ്​, സീനിയർ ഗവ. പ്ലീഡർ എസ്​.യു. നാസർ എന്നിവരാണ്​ കേസിൽ ഹാജരായത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!