23 December 2024

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ ഭവനരഹിതരായവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കുന്നില്ലെന്ന വിമര്‍ശനം ശക്തമാക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. കോണ്‍ഗ്രസും മുസ്ലിം ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മ്മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന ആരോപണം ഇന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചു.

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. ഈ വിഷയം അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. പണം വാങ്ങുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സംസ്ഥാനം കണക്ക് നല്‍കിയില്ല എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്‍കുന്നതിന് മുന്‍പ് തന്നെ പണം നല്‍കാമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

എസ്ഡിആര്‍എഫില്‍ 700 കോടി രൂപ ബാക്കിയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് പുനരധിവാസത്തിന് വേണ്ടി 681 കോടി രൂപ കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചായി വന്നത് ഉള്‍പ്പെടെ 7 കോടി 65 ലക്ഷമാണ് ഇതുവരെ ചെലവഴിച്ചത്. അപ്പോള്‍ 681 കോടിയും എസ്ഡിആര്‍എഫിലെ 700 കോടിയും കയ്യില്‍ ഉള്ളപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല. സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടുപോവുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കില്ല. സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന ആളല്ല താന്‍. തന്റെ ജോലി വേറെയാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുന്നുണ്ട്. സിപിഐഎം നേരിടുന്ന ജീര്‍ണത എസ്എഫ്ഐയെയും ബാധിച്ചിരിക്കുകയാണ്. ക്യാംപസുകളില്‍ കെഎസ്യു തിരിച്ചുവരുന്നതിന് തടയിടുന്നതിന് വേണ്ടിയാണ് വ്യാപകമായ അക്രമം നടത്തുന്നത്. ഇത് സ്റ്റാലിന്റെ കേരളമല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!