24 December 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം ​ഹൈകോടതി അംഗീകരിച്ചു. കേസിൽ അതിജീവിത നൽകിയ ഹരജിയിലാണ് അനുകൂല വിധി.
എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താമെന്നും ആവശ്യ​മെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ പ്രൊസീജ്യർ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ലോക്കർ ഉപയോഗിക്കാമെന്നും കോടതി നിർദേശിച്ചു.

2022ൽ അതിജീവിത നൽകിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ തുടരന്വേഷണം നടക്കുന്ന സമയമായതിനാൽ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തിൽ പറയുകയും ഏഴ് ദിവസത്തിനകം സർക്കാർ അംഗീകൃത ലാബിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നൽകിയ റിപ്പോർട്ടിലും മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു.

2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതിൽ അവസാന വട്ടം ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതായാണ് കണ്ടെത്തൽ. ഈ തവണ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണിൽ വാട്ട്സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്. ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ ഇതിൽ അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു ആവശ്യം. ഹരജി ദിലീപ് എതിർത്തിരുന്നു. കേസിലെ എട്ടാംപ്രതിയാണ് ദിലീപ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!